Monday 27 February 2012

മൃത്യു | Part 1

കാലങ്ങളായി ഞാന്‍ മറക്കുവാന്‍ ശ്രമിക്കുന്ന..., എന്നാല്‍ ഇന്നും പല രാത്രികളിലും എന്നെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന ഒരോര്‍മയുണ്ട്.  അതിനോളം എന്നെ കുത്തിനോവിക്കുന്ന ഒരേടും  ഇതുവരെയുള്ള  എന്‍റെ  ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട്  ആ ഓര്‍മ്മയാണ് ഞാനാദ്യം തന്നെ ഇവിടെ കുഴിച്ചു മൂടുന്നത്..

ശ്മശാനം.
കൗമാരത്തിന്‍റെ ഭൂരിഭാഗവും ഞാന്‍ ചെലവഴിച്ചിട്ടുള്ളത്‌  നാട്ടിലുള്ള പൊതുശ്മശാനത്തിലാണ്. സ്വസ്ഥമായി കഞ്ചാവ്‌ വലിക്കാന്‍ ഞങ്ങള്‍ കൂട്ടുകാര്‍ കണ്ടെത്തിയ വിഹാരകേന്ദ്രം. അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നൊക്കെ അതിനോട്.  കഞ്ചാവിന്‍റെ പുകയായിരുന്നു അന്ന് ഞങ്ങളുടെ ജീവശ്വാസം പോലും. വൈകുന്നേരം മുതല്‍ രാത്രി വൈകുവോളം പുകച്ച് ആര്‍മാദിച്ചിരുന്ന കാലം.  പിറ്റേന്ന് ഉച്ചയ്ക്ക് ഉറക്കമെണീറ്റ് ബൈക്കുമെടുത്ത്‌ ഞാനിറങ്ങും. അവരപ്പോഴേക്കും വലി തുടങ്ങിയിട്ടുണ്ടാവും. ചിലപ്പോ ഞാനും കൂടി എത്തിയിട്ടാവും സാധനം വാങ്ങാന്‍ പോവുക. സ്ഥിരമായി  സാധനം സപ്ലൈ ചെയ്യുന്ന ഇക്കാനെ ആദ്യമേ  ഫോണില്‍ വിളിച്ച് ലൊക്കേറ്റ് ചെയ്തിട്ടുണ്ടാകും.
വാങ്ങി തിരിച്ചു വരുന്ന വഴി , ബീഡി, സിഗരറ്റ്, ട്ടച്ചിങ്ങ്സിന് മിഠായി , തുടങ്ങിയവ കൂടി പര്‍ച്ചേസ് ചെയ്യും. പിന്നെ എല്ലാരും കൂടി ഞങ്ങളുടെ സ്വന്തം ശ്മശാനത്തിലേക്ക് ചേക്കേറും.  ശ്മശാനത്തിലെ പൊന്തക്കാടിനുള്ളില്‍ മറഞ്ഞിരുന്ന് ജോയിന്‍റ് തയ്യാറാക്കലാണ് അടുത്തത് . 

കഞ്ചാവിന്‍റെ കതിര് ഒരെണ്ണമെടുത്ത് കൈവെള്ളയിലിടും. നഖം  കൊണ്ടത്  പിച്ചിയിട്ട്, ചെറിയ ചെറിയ തരികളാക്കും. ബീഡി തുറന്ന് അതില്‍നിന്നും കുറച്ച് പുകലപ്പൊടിയെടുത്തിട്ട്  രണ്ടും കൂടി മിക്സാക്കും. ആ വെടിമരുന്നെടുത്ത് ബീഡിയിലയിലിട്ട് ചുരുട്ടിയാണ് ജോയിന്‍റ് ഉണ്ടാക്കുക. സിഗരറ്റിലും ഉണ്ടാക്കും. പക്ഷെ ബീഡിയില്‍ ഉണ്ടാക്കുന്നതിന്‍റെ രുചിയും മണവും ഗുണവും അതിനുണ്ടാവില്ല. പില്‍ക്കാലത്ത്‌ റിസ്ല പേപ്പറിലും ചിലത്തിലുമൊക്കെയായി  വലി തുടങ്ങുന്നത് വരെ ബീഡിയില്‍തന്നെയായിരുന്നു ജോയിന്‍റ് ഉണ്ടാക്കി വലിച്ചിരുന്നത്..

ചിലപ്പോള്‍ അപ്പുറത്ത് ശവം മറവു ചെയ്യാനോ, ദഹിപ്പിക്കാനോ ആളുകള്‍ വരും. പക്ഷെ പൊന്തക്കാട് ഉള്ളത് കൊണ്ട് അവര്‍ക്ക് ഞങ്ങളെ കാണാന്‍ കഴിയുകയില്ല. ഞങ്ങള്‍ അവര്‍ പോകുന്ന സമയം വരെ ശബ്ദമുണ്ടാക്കാതെ ഓരോരോ  ബീഡിക്കുമിട്ട് വലിച്ചു കൊണ്ടിരിക്കും. ക്രിസ്ത്യാനികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ പ്രത്യേക കോണ്‍ക്രീറ്റ് കല്ലറകള്‍ ഉണ്ട്. മറവു ചെയ്തു ആളുകള്‍ പോയാല്‍ ഞങ്ങളെണീറ്റ് അതിനടുത്ത് പോയി ഒന്ന് വീക്ഷിച്ച്, എല്ലാം കൃത്യമായി ചെയ്തിട്ടുണ്ടല്ലേ എന്ന ഭാവത്തില്‍ തിരിച്ച് വന്ന് വലി തുടരും. 

ദിവസം ഒരു നൂറു രൂപയ്ക്കുള്ള കഞ്ചാവെങ്കിലും ഞങ്ങള്‍ വലിക്കുമായിരുന്നു. പിന്നീട് സംഘത്തില്‍ അംഗങ്ങള്‍ വര്‍ധിച്ചപ്പോള്‍ അളവ്  മതിയാകാതെയായി. സംഘങ്ങളുടെ വര്‍ധനയ്ക്കനുസരിച്ച് ഷെയര്‍ വരുമാനം വര്‍ധിക്കാഞ്ഞതായിരുന്നു കാരണം. ഓരോരുത്തര്‍ക്കും പാതിരാത്രിക്ക് വീട്ടില്‍ നിന്ന് പുകയ്ക്കാനുള്ള ക്വാട്ട കൂടി കിട്ടാണ്ടാകാന്‍ തുടങ്ങിയപ്പോള്‍  ഞങ്ങള്‍ വേറെ വരുമാനമാര്‍ഗ്ഗം ആലോചിക്കാന്‍ തുടങ്ങി.

പഴയ പാത്രങ്ങള്‍, മൊന്ത മറ്റു കിണ്ണങ്ങള്‍, ഉരുളി, ഇരുമ്പ്,  തുടങ്ങിയവ അവരവുടെ വീടുകളില്‍ നിന്ന് ഓരോരുത്തരും കൊണ്ടുവന്ന് ശേഖരിച്ചു വില്‍ക്കാന്‍ തുടങ്ങി.  പക്ഷെ കിട്ടുന്നത് ബീഡി വാങ്ങാന്‍ പോലും തികയാതെ വന്നപ്പോള്‍, പുതിയ പാത്രങ്ങള്‍ തന്നെ ഓരോരുത്തരും അടിച്ചുമാറ്റി കൊണ്ടുവന്നു. ഒരു പരിധി വരെ അത്കൊണ്ടു ആവശ്യങ്ങള്‍ നടക്കുമായിരുന്നു. പക്ഷെ ചിലരുടെ വീട്ടുകാര്‍ കള്ളന്മാരെ പൊക്കാന്‍ തുടങ്ങിയപ്പോള്‍ ആ പദ്ധതി ഉപേക്ഷിച്ചു.

പിന്നീട് ദിവസവും അതു തന്നെയായി ചിന്ത. കൊട്ടേഷന്‍ , റിയല്‍ എസ്റ്റേറ്റ്‌, വാഹനകച്ചവടം, തുടങ്ങി സകല മേഖലകളെ പറ്റിയും ആലോചിച്ചു. ഒന്നും അങ്ങോട്ട്‌ തൃപ്തി തോന്നുന്നില്ല. മേലനങ്ങി പണിയെടുക്കേണ്ടതിനാലാകാം.


അങ്ങനെയിരിക്കേ ഒരു ദിവസം...

ഞങ്ങളന്നും പൊന്തയ്ക്കുള്ളില്‍ മറഞ്ഞിരുന്ന് ഓരോ ബീഡിക്കുമിട്ട് വലിച്ച് കിറുങ്ങിയിരിക്കുകയായിരുന്നു. അപ്പോഴതാ ഒരു ആംബുലന്‍സ് വരുന്നു. സര്‍ക്കാര്‍ആശുപത്രീന്ന് ഏതോ ബോഡി കൊണ്ടുവന്നതാണ് മറവു ചെയ്യാന്‍.. ബന്ധുക്കളെന്നു തോന്നിച്ച രണ്ടു പേരും ഡ്രൈവറും ഒരു തമിളനും ആംബുലന്‍സില്‍ നിന്നിറങ്ങി ബോഡിയും പൊക്കിയെടുത്ത് ക്രിസ്ത്യാനികളെ അടക്കം ചെയ്യുന്ന ഭാഗത്തേക്ക് കൊണ്ടു പോയി വച്ചു. പുതിയ ഒരു കല്ലറ തുറന്നു വളരെ പ്രയാസപ്പെട്ട് ബോഡി ആ കുഴിയിലേക്ക്‌ ഇറക്കി വച്ചു. പിന്നെ പലക വെക്കല്‍, മണ്ണിടല്‍, സ്ലാബ് വെച്ച് അടക്കല്‍ തുടങ്ങി അവരുടെ പരിപാടികളൊക്കെ കഴിയാന്‍ അര മണിക്കൂറിലേറെയെടുത്തു.
ഞങ്ങള്‍ അത്രെയും നേരം ശബ്ദമുണ്ടാക്കാതെ എല്ലാം നോക്കികാണുകയായിരുന്നു. അവര്‍ പോയപാടെ ഞങ്ങള്‍ ആ കല്ലറയ്ക്കരികില്‍ ചെന്നു നിന്ന് ഒന്നു വീക്ഷിച്ചു...

 ശപിക്കപ്പെട്ട ആ നിമിഷത്തിലാണ് ദൈവം പോലും പൊറുക്കാത്ത ഒരു മഹാപാപം എ
ന്‍റെ ബുദ്ധിയിലുദിച്ചത്.

(ബാക്കി ഭാഗത്തേക്ക്)














No comments:

Post a Comment