Wednesday 29 February 2012

മൃത്യു | Part 2


(ആദ്യ ഭാഗത്തേക്ക്)

"മരിച്ചത് സ്ത്രീയായിരിക്കുമോ?" ഞാന്‍ ചോദിച്ചു.
 

"ആണെങ്കില്‍?"
 

"അല്ല.., ക്രിസ്ത്യാനി സ്ത്രീകള്‍ മരിച്ചാല്‍ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചിട്ടാ അടക്കം ചെയ്യുക എന്ന് കേട്ടിട്ടുണ്ട്.."

എല്ലാരും എന്‍റെ മുഖത്തേക്ക് നോക്കി.

"മാന്തിയാലോ..?" ആരോ ചോദിച്ചു.
 

"പോടാ അവിടുന്ന്‍!!" ഓരോരുത്തര്‍ തെറി വിളി തുടങ്ങി.

"അതിന് ഇത് സ്ത്രീയാണെന്ന് എന്താ ഉറപ്പ്‌?"
 

"തുറന്ന്‍ നോക്കുമ്പോ അറിയാലോ.." ഞാന്‍ പറഞ്ഞു.
 ഞാനങ്ങനെയാണ്. ഒരു കാര്യത്തിന് തുനിഞ്ഞാല്‍ ഏതു വിധേനയും അത് സാധിച്ചിരിക്കണം. അല്ലെങ്കിലെനിക്ക് ഭ്രാന്ത് വരും. സാഹസികത എന്നത് ജീവിതം തന്നെയായി കണ്ടിരുന്നു അന്നൊക്കെ. അതിനു വേണ്ടി എന്തും ചെയ്യും.

 
"കുറഞ്ഞത് ഒരു പവനെങ്കിലും കാണാതിരിക്കില്ല." ഒരുത്തന്‍  പറഞ്ഞു.
അതോട്കൂടി എല്ലാവരും നിശബ്ദരായി,  ചിന്തയിലാണ്ടു.

"എടാ.., അത് വിറ്റാല്‍ ആ കാശിന് നമുക്ക്‌ എത്ര കഞ്ചാവ്‌ വാങ്ങാം..! ഒന്നാലോചിച്ച് നോക്ക്.."


എല്ലാവരുടെയും  കണ്ണുകള്‍ വിടര്‍ന്നു.
 

"എടാ.., എങ്ങനെയാ അതൊക്കെ ചെയ്യാ?"
 

"ഹും.. ധൈര്യം വേണമെടാ.. ധൈര്യം! വല്യ കഞ്ചാവടിക്കാരനാണത്രേ.. പേടിത്തൊണ്ടന്‍ ..!", എനിക്ക് ദേഷ്യം വന്നു.

"പേടിയുള്ള ഒരുത്തനും പിന്നെ കഞ്ചാവിന്‍റെ വിഹിതം ചോദിച്ചു വന്നേക്കരുത്."
 

"പക്ഷെ ആള്‍ക്കാര് കാണൂല്ലെടാ..?" ഓരോരുത്തര്‍ക്കും ഓരോരോ സംശയങ്ങള്‍.

"രാത്രി ചെയ്യാം..."

"എങ്കി ഇന്ന് രാത്രി വീട്ടുകാര് ഉറങ്ങിക്കഴിഞ്ഞാല്‍ നമുക്ക് കാര്യം ഒപ്പിക്കാം..."

പിന്നെയും ഒരുത്തന് മടി പോലെ..
 

"ഒരു ധൈര്യത്തിന് ചിലത്തില്‍ കടുപ്പത്തിലൊന്നിട്ട് അടിക്കാം. അതാവുമ്പോ ഒരു പ്രശ്നോണ്ടാവില്ല."
"നമ്മള്‍ ആ കാശിന് വാങ്ങുന്ന കഞ്ചാവ്‌ മാത്രം മതി മനസ്സില്‍. ധൈര്യം തന്നെത്താനെ വരും."


"അപ്പൊ രാത്രി 12 മണി. എന്താ എല്ലാവരും ഉണ്ടാവില്ലേ..?" എല്ലാവരും തല കുലുക്കി.
പിന്നെയും കുറച്ചു നേരം ആ കല്ലറയെ തന്നെ തുറിച്ചു നോക്കികൊണ്ട് ഞങ്ങള്‍ നിന്നു. പിന്നെ ഒരു ബീഡി കൂടി വലിച്ച് എല്ലാവരും അവരവരുടെ കൂടുകളിലേക്ക് ചേക്കേറി.

വീട്ടിലെത്തിയിട്ടും ചിന്ത അന്ന് രാത്രി നടക്കാന്‍ പോകുന്ന സംഭവത്തെക്കുറിച്ചായിരുന്നു. ഭക്ഷണം കഴിച്ചെന്ന് വരുത്തി നേരത്തെ തന്നെ പോയി കെടന്നു. വീട്ടുകാരെല്ലാവരും കിടന്നുറങ്ങിയെന്ന്‍ ശേഷം പതുക്കെയെണീറ്റു ജനല്‍ തുറന്ന് ഒരു ജോയന്‍റ് ഉണ്ടാക്കി കത്തിച്ചു. 12 മണിയായപ്പോ ഓരോരുത്തര്‍ക്കും മൊബൈലില്‍ വിളിച്ചു. ആരും ഉറങ്ങിയിട്ടില്ല. "ഞാനിറങ്ങുകയാണ്.., കല്ലറയ്ക്കടുത്ത്‌ ഉണ്ടാവും.." എന്ന് പറഞ്ഞിട്ട് ഞാന്‍ പതുക്കെ വീട്ടില്‍ നിന്നും ഇറങ്ങി.
അവിടെയെത്തിയപ്പോള്‍ എല്ലാവരും ഹാജരാണ്.   ചിലമെടുത്ത്, അന്ന് ബാക്കി വെച്ച കഞ്ചാവ്‌ മുഴുവനതിലിട്ട് കത്തിച്ച്, ഓരോരുത്തരും നാലഞ്ചു പുക വീതമെടുത്തു. അതോട് കൂടി തലയ്ക്കൊകെ ഒരു ആയം വന്നു.  പിന്നെ
ശ്മശാനത്തിലെ തൂമ്പയെടുത്തു കൊണ്ട് വന്നു.

തൂമ്പയെടുക്കുമ്പോള്‍ എന്‍റെ കൈ വിറച്ചിരുന്നോ..? അറിയില്ല. പക്ഷെ  ശരീരത്തിലാകമാനം  ഒരു തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. മൊബൈലിലെ ടോര്‍ച്ച് വെളിച്ചത്തില്‍ ഞങ്ങള്‍ കല്ലറയുടെ  മുകളില്‍ നോക്കി കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ ധൈര്യം കൈവരിച്ച് തൂമ്പയെടുത്ത് സ്ലാബിനിടയില്‍ തിരുകി വച്ചു.
കനം കൂടിയ കോണ്‍ക്രീറ്റ് സ്ലാബ് നീക്കാന്‍ ഞങ്ങളെല്ലാവരും കൂടി തള്ളേണ്ടി വന്നു. കരകര ശബ്ദത്തില്‍ അത് മുഴുവന്‍ ഒരു വശത്തേക്ക് മാറി. പെട്ടെന്ന് ഉള്ളില്‍ നിന്ന് ശരീരം മുഴുവന്‍ വിറങ്ങലിച്ചു പോകുന്ന ഒരു തരം മണം പുറത്തേക്കു വമിച്ചു. ഞങ്ങള്‍ യാന്ത്രികമായി രണ്ടടി പിറകിലേക്ക്  നീങ്ങി. 
നിശബ്ദത..  ഭയം ഞങ്ങളോരോരുത്തരെയും പിടികൂടിയിരുന്നു. പക്ഷെ പുറത്തു കാണിച്ചാല്‍ മറ്റുള്ളവരുടെയിടയില്‍ അപമാനിക്കപെടും. അത് കൊണ്ട് ആ പ്രവര്‍ത്തി അവിടം കൊണ്ടവസാനിപ്പികാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. 

ഉള്ളിലെക്കിറങ്ങിയത് ഞാനാണ്. ശവം മൂടിയിരിക്കുന്ന മരപ്പലകയെടുത്തു. ഉള്ളിലേക്ക് വെളിച്ചമടിച്ചപ്പോള്‍ ഞങ്ങളത് കണ്ടു. വെള്ളത്തുണി കൊണ്ട് പൊതിഞ്ഞു കെട്ടിയ ഒരു രൂപം. ഏതോ ഒരു സാധു  ശരീരം.
വിറയ്ക്കുന്ന കൈയ്കളോടെ ഞാന്‍ അതിന് മുകളിലെ കെട്ടുകള്‍ ഓരോന്നായി ഊരിമാറ്റി. നെഞ്ചില്‍ കെട്ടി വച്ച കൈകളുടെ ഭാഗത്തെ തുണി മാറ്റാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. ശരീരം മുഴുവന്‍ തണുത്തു വിറക്കുന്നുണ്ടായിരുന്നെങ്കിലും  എന്‍റെ നെറ്റിയില്‍ നിന്നും ഒന്നു രണ്ടു വിയര്‍പ്പ് തുള്ളികള്‍ അതില്‍  ഇറ്റിറ്റു വീണു.  ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലനായി.
 "എടാ ഒറ്റ വലി. നല്ല ബലത്തില്‍..." 
ഞാന്‍ സകല  ശക്തിയുമെടുത്ത് ആ തുണിയില്‍ ചിരുട്ടി പിടിച്ചു ഒറ്റ വലി വലിച്ചു. 

അപ്പൊള്‍  കണ്ട കാഴ്ച.........! മരണം വരെ ആ ചിത്രം എന്‍റെ കണ്ണില്‍ നിന്നും മായുകയില്ല. 

വലിയുടെ ശക്തിയില്‍, മുഖം  മറച്ചിരുന്ന തുണിയുടെ ഭാഗം കൂടി പോന്നു. വെളുത്ത്‌ വിറങ്ങലിച്ച്.. അവിടെയവിടെയായ് ജീര്‍ണതയുടെ  നീല നിറം വന്നിരുന്ന ഒരു സ്ത്രീയുടെ മുഖം. അടഞ്ഞ കണ്‍പോളകളില്‍ കരിനീല നിറത്തിലുള്ള  ഞരമ്പുകള്‍... വിണ്ടുണങ്ങിയ ചുണ്ടുകളില്‍  ചോരയുടെ ഒരു  കണം പോലും ബാക്കിയുണ്ടായിരുന്നില്ല. എന്‍റെ നെഞ്ചില്‍ നിന്നും ഒരു തേങ്ങലുയര്‍ന്നു, 
"ദൈവമേ ഞാനെന്താണീ ചെയ്തത്..!"

എനിക്ക് അങ്ങോട്ടു നോക്കാന്‍ പറ്റുന്നില്ല. അടഞ്ഞ കണ്ണുകള്‍ പക്ഷെ എന്നെ തുറിച്ചു നോക്കുന്നത് പോലെ. ആ കാഴ്ച താങ്ങാന്‍ കഴിയാതെ ഒരുത്തന്‍ മോഹലസ്യപെട്ടു വീണു. 



"മതിയെടാ..! മൂട്.. മൂട്...!" ആരോ പറഞ്ഞു. 

എനിക്ക് അനങ്ങാന്‍ പറ്റുന്നില്ല. ശരീരം മുഴുവന്‍ വിറങ്ങലിച്ച പോലെ. 

"മൂടെടാ..!. മൈ**..! മതി ഈ ചെയ്തതൊക്കെ....! എന്നും  പറഞ്ഞ് ഒരുത്തനെന്‍റെ തോളത്തു ശക്തിയായി അടിച്ചു. ഞാന്‍ കിടുകിടാ വിറച്ചു കൊണ്ട് കുനിഞ്ഞു. ഞാന്‍ വീണു പോയേക്കുമോയെന്ന് ഭയന്ന്‍ അവന്‍ എന്‍റെ തോളില്‍ പിടുത്തമിട്ടു. ഞാന്‍ അവന്‍റെ  കയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട് ചുരുണ്ട് കിടന്ന തുണിയെടുത്ത് ആ മുഖം മറച്ചു. 
കണ്ണീര്‍ നിറഞ്ഞു മങ്ങിയ കാഴ്ച്ചയിലാണ്‌ ഞാന്‍ ആ മുഖം അവസാനമായി കണ്ടത്. വേഗത്തില്‍ എഴുന്നേറ്റു കുഴിയില്‍ നിന്നു കയറി മാറി നിന്നു. മറ്റുള്ളവര്‍ എല്ലാരും കൂടി മരപലകയെടുത്ത് ഇറക്കിവച്ചു. സ്ലാബ് തള്ളി നീക്കി കല്ലറ അടച്ചു.

ഞാന്‍ നിലത്തി മുട്ട് കുത്തിയിരിക്കുകയായിരുന്നൂ. കരച്ചില്‍ പുറത്തേക്ക് വരുന്നില്ല. അവരെല്ലാവരും കൂടി വന്നെന്നെ കെട്ടിപ്പിടിച്ചു. 

"കരയ്... അല്ലെങ്കിലിത്  മനസ്സിന് താങ്ങാന്‍ പറ്റില്ല.. കരയെടാ.."
 

പതുക്കെ പതുക്കെ എന്‍റെ ഏങ്ങല്‍ ശബ്ദം അവരുടെ തോളുകളില്‍ ചെന്ന് വീണു. ഞാന്‍ പൊട്ടിപൊട്ടിക്കരഞ്ഞു..., കൂടെ അവരും.

വളരെ നേരം അങ്ങനെ തന്നെ ഞങ്ങള്‍ ഇരുന്നു. പിന്നെ എത്രയും പെട്ടെന്ന് അവിടെ നിന്നു പോയാല്‍ മതിയെന്നായി. ബോധം കേട്ട് കിടക്കുന്നവനെ പതുക്കെ എടുത്ത് കൊണ്ട് ഞങ്ങള്‍ പൊന്തയ്കുള്ളിലേക്ക് കയറി. 
പരസ്പരം സംസാരിക്കാതെ എത്ര നേരം ഞങ്ങളവിടെത്തന്നെ ഇരുന്നു എന്നോര്‍മയില്ല.
ബോധം വന്നപ്പോള്‍ അവന്‍റെ  മുഖം എന്നെയാണ് തിരഞ്ഞത്. എന്നെ കണ്ടപ്പോള്‍ പുച്ഛവും അവജ്ഞയും നിറഞ്ഞ നോട്ടം കൊണ്ടവനെന്നെ കീറിമുറിച്ചു.  പക്ഷെ  ആ നോട്ടത്തിന്, അടഞ്ഞ കണ്ണുകള്‍ കൊണ്ടെന്നെ, കല്ലറയ്ക്കുള്ളില്‍ നിന്നും ഇപ്പോഴും നിര്‍ത്താതെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന, മരണത്തിന്‍റെ നോട്ടത്തിന്‍റെ അല്‍പ്പം പോലും ശക്തിയുണ്ടായിരുന്നില്ല...
 
അതായിരുന്നു ഞാനെന്ന സാഹസികന്‍റെ  അന്ത്യം. പിന്നീടൊരിക്കലും.., അന്ന് തൊട്ട് ഇന്ന് വരെ, ഒരു സാഹസികതയ്ക്കും ഞാന്‍ ഒരുമ്പെട്ടിട്ടില്ല. 

അന്ന് ചെയ്ത  കൊടുംപാപത്തിനുള്ള ശിക്ഷ ദൈവം ഇത് വരെ എനിക്ക് തന്നിട്ടില്ല എന്നാണെന്‍റെ വിശ്വാസം.  ജീവിതത്തില്‍ പിന്നീട് പല പ്രതിസന്ധികളും കൊടിയ പ്രശ്നങ്ങളും  ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും ഇതിനുള്ള ശിക്ഷയാവില്ല. കാരണം ആ പ്രവര്‍ത്തിയുടെ പ്രതിഫലം ദൈവം തരുമ്പോള്‍ അതെന്‍റെ അവസാനമായിരിക്കും. 
എനിക്കുറപ്പുണ്ട്.., അതെന്നെ തകര്‍ത്തു തരിപ്പണമാക്കും. 

അത് തന്നെയാണ് ഞാന്‍ അര്‍ഹിക്കുന്നതും..